ബർലിൻ: മലയാള ഭാഷയ്ക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് നൽകിയ സേവനങ്ങൾ ലോകശ്രദ്ധയിലെത്തിച്ച ആൽബ്രെഷ്റ്റ് ഫ്രെൻസ് (86) ജർമനിയിലെ സ്റ്റുട്‌ഗാർട്ടിൽ അന്തരിച്ചു. ഗുണ്ടർട്ടിന്റെ കയ്യെഴുത്തുപ്രതികൾ തലശ്ശേരിയിൽ നിന്ന് കണ്ടെടുത്ത് ജർമനിയിൽ പ്രസിദ്ധീകരിച്ച ഫ്രെൻസ് കേരളത്തെയും മലയാളത്തെയും ഏറെ സ്നേഹിച്ച പണ്ഡിതനാണ്.

1983– 98 ൽ ജർമനിയിലും കേരളത്തിലുമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഗുണ്ടർട്ടിന്റെ ഡയറി, തലശ്ശേരി രേഖ, ഹിന്ദു ഗീതങ്ങൾ എന്നിവ ജർമൻ, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പുറത്തിറക്കാൻ കഴിഞ്ഞത്. ദക്ഷിണ ജർമനിയിൽ 1993ൽ ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്ഥാപിച്ച ഫ്രെൻസ് 2001 വരെ അതിന്റെ അധ്യക്ഷനായിരുന്നു.

ഹെർമൻ ഗുണ്ടർട്ടിനോടുള്ള താൽപര്യമാണ് ഫ്രെൻസിനെ മലയാളവുമായി അടുപ്പിച്ചത്. സ്വന്തം നാട്ടുകാരനായ ഒരാൾ മറ്റൊരു നാട്ടിലെ ഭാഷയ്ക്കു ചെയ്ത സേവനം ഫ്രെൻസിനെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് വരണമെന്ന മോഹം നടപ്പാക്കാൻ 21–ാം വയസ്സിൽ ഫ്രൻസ് മധുര കാമരാജ് സർവകലാശാലയിലെ ജർമൻ അധ്യാപകനായി. 1974–77ൽ അവിടെ ജോലി ചെയ്യവെ ഗുണ്ടർട്ടിന്റെ രചനകൾ ശേഖരിക്കാൻ തുടങ്ങി. ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ച ഗെറ്റ്റൗഡ്, ഗുണ്ടർട്ടിന്റെ അഞ്ചാം തലമുറയിൽപ്പെട്ടയാളായി എന്നതു യാദൃച്ഛികമായി.

 

Leave a Reply

Your email address will not be published. Required fields are marked *