ആലപ്പുഴ: നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ(53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ജോളിയെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കുടുംബത്തിനൊപ്പം ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ബെംഗളൂരുവിൽ നടക്കും.

സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ ജോളി ബാസ്റ്റിൻ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് മാസ്റ്റർ ആയിരുന്നു. സൈലൻസ് എന്ന ചിത്രത്തിൽ ഇദ്ദേഹം വില്ലൻ വേഷത്തിലും എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിൻ സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡയില്‍ ‘നികാകി കാടിരുവെ’, തമിഴിൽ ലോക്ഡോണ്‍ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ബൈക്ക് സ്റ്റണ്ടിലുടെയാണ് ജോളി സിനിമയിലെത്തുന്നത്.

കന്നഡയിലെ പ്രമുഖ നടൻ രവിചന്ദ്രന്റെ സിനിമകളില്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ജോളി ബാസ്റ്റിൻ ബോഡി ഡബിള്‍ ചെയ്യാറുണ്ട്. നിലവില്‍ ജോളി ബാസ്റ്റിൻ കന്നഡ സിനിമാ ലോകത്ത് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന സ്റ്റണ്ട് ഡയറക്ടറായിരുന്നു. ഇതുവരെയായി ജോളി ബാസ്റ്റ്യൻ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *