കൊച്ചി: കേരളത്തിന്റെ ഐ.ടി രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന് ഇന്‍ഫോപാര്‍ക്ക് തൃശൂരും. സംസ്ഥാനത്തിന്റെ ഐ.ടി രംഗത്തേക്ക് തൃശൂരിന്റെ പേര് എഴുതിച്ചേര്‍ക്കത്തക്കവണ്ണമുള്ള വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ലോകോത്തര കമ്പനികള്‍ ഇന്‍ഫോപാര്‍ക്ക് തൃശൂരിലേക്ക് കടന്നുവരികയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിലവില്‍ പത്ത് വില്ലകളിലായി 29 കമ്പനികളിലും ഇന്ദീവരം ബില്‍ഡിങ്ങില്‍ 3.3 ലക്ഷം സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ്പ് സ്പെയ്സില്‍ 23 കമ്പനികളിലുമായി 2000ത്തോളം ജീവനക്കാര്‍ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏഴു നിലകളുള്ള ഇന്ദീവരം സമുച്ചയത്തിന്റെ മൂന്നാം നിലയില്‍ പുതുതായി നിര്‍മ്മിച്ച 20 പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസുകള്‍ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് പുറമേ നാലാം നിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കൊച്ചി – തൃശൂര്‍ ഐ.ടി ഇടനാഴിയിൽ നിലകൊള്ളുന്ന ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പുതുയുഗ ടെക്നോളജികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കൂടുതലായും പ്രവർത്തിക്കുന്നത്. പുതുതായി ആറ് കമ്പനികള്‍ തൃശൂര്‍ ഇന്‍ഫോപാര്‍ക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടൊപ്പം രണ്ട് കമ്പനികള്‍ അവരുടെ ഓഫീസ് സൗകര്യങ്ങള്‍ വിപുലീകരിക്കുകയും പുതുതായി ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ഇതോടെ പുതുതായി 300ലധികം തൊഴിലവസരങ്ങള്‍ കൂടി ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ സൃഷ്ടിക്കപ്പെട്ടു.

ഫിന്‍ടെക്, ഡീപ് ടെക്, എ.ഐ, ഇ – കൊമേഴ്സ് ഡെവലപ്പ്മെന്റ്, സി.ആര്‍.എം – ഇ.ആര്‍.പി ഡെവലപ്പ്മെന്റ്, മെബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ക്ലൗഡ്, യു.ഐ, യു.എക്സ് ഡിസൈനിങ്ങ്, യു.എസ് അക്കൗണ്ടിങ്ങ്, എലമെന്റ് ഫസാഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡാറ്റ ഇക്വനോക്സ് ടെക്നോളജി ആന്‍ഡ് റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്, ഒക്ടോ ടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ജോബിന്‍ ആന്‍ഡ് ജിസ്മി പ്രൈവറ്റ് ലിമിറ്റഡ്, ഇക്കോക്‌സാക്‌സ്, എലമെന്റ് ഫസാഡ് പ്രൈവറ്റ് ലിമിറ്റഡ്, ജിആര്‍8 അഫിനിറ്റി സര്‍വീസസ് എന്നീ കമ്പനികളാണ് പുതുതായി ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഗാല്‍ടെക് ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ നിലവിലുള്ള സ്ഥലത്തിന് പുറമേ പുതുതായി സ്ഥലമേറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *