തിരുവനന്തപുരം: ഗതാഗത വകുപ്പിൽ അഴിമതി നടന്നിരുന്നുവെന്ന മന്ത്രി കെ.ബി.ഗണേഷ്‌ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുൻമന്ത്രി ആന്റണി രാജു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഗണേഷ് വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെയാണെന്ന് ആന്റണി രാജു ചോദിച്ചു. നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്. അഭിപ്രായം പറയുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അതേ നാണയത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും ‌ആന്റണി രാജു പറഞ്ഞു.

“ഗണേഷിന്റെ പിതാവിനൊപ്പം എംഎൽഎ ആയിരുന്നയാളാണ് ഞാൻ. ഗാലറിയിൽ ഇരുന്നു കളി കാണാൻ എളുപ്പമാണ്. ഇറങ്ങി കളിക്കാനാണ് പാട്. മുൻ ഗതാഗത മന്ത്രിമാർ ഉണ്ടാക്കിവച്ച 3150 കോടിയുടെ കടം 2900 ആയി കുറച്ചു. 1000 കോടി പലിശയും അടച്ചു. അല്ലാതെ ഒരു രൂപയും കടത്തിൽ കൂട്ടിയിട്ടില്ല. കെഎസ്ആർടിസി കംപ്യൂട്ടറൈസേഷൻ നടത്തി ഇപ്പോൾ ട്രയൽ റൺ നടത്തുകയാണ്. എല്ലാ ഡിവിഷനിലും പ്രഫഷനലിസം കൊണ്ടുവന്നു. ഇനി വരുന്നവർക്ക് സുഗമമായി ഭരിക്കാം. അഴിമതിക്ക് ചീഫ് എൻജിനീയറെ സസ്പെൻഡ് ചെയ്ത ആളാണ് ഞാൻ. എനിക്കെതിരെ അഴിമതി ആരോപണം ഇല്ല. അഴിമതിക്കേസിൽ ജയിലിൽ കിടന്നിട്ടുമില്ല.

വകുപ്പിൽ എല്ലാം പ്രശ്നമാണെന്നും താൻ വന്ന് നന്നാക്കിയെന്നും വരുത്താനാണ് ഗണേഷിന്റെ ശ്രമം. ഒന്നിനും കണക്കില്ലെന്നാണ് ഗണേഷ് പറഞ്ഞത്. 2014-15 വരെ ആണ് കെഎസ്ആർ ടിസിയിൽ ഓഡിറ്റ് നടന്നിരുന്നത്. ഞാൻ വന്നതിനു ശേഷമാണ് 2022 വരെ ഉള്ള ഓഡിറ്റ് പൂർത്തിയാക്കിയത്. പുതിയ മന്ത്രി വന്നു കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകിയാൽ നല്ല കാര്യം ആകും.” – ആന്റണി രാജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *