ദുബൈ: ലോക​ത്ത്​ ഏറ്റവും ആവേശകരമായ പുതുവത്സര ദിനാഘോഷങ്ങൾക്ക്​ സാക്ഷ്യം വഹിക്കുന്ന നാടുകളിലൊന്നാണ്​ യു.എ.ഇ​. എല്ലാ എമിറേറ്റുകളിലും വിപുലമായ രീതിയിലാണ്​ എല്ലാ വർഷവും ആഘോഷ ചടങ്ങുകൾ ഒരുക്കാറുള്ളത്​. ഇത്തവണ പുതുവത്സര അവധി ദിനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ എല്ലായിടത്തും ആഘോഷം ഉയർന്നുകഴിഞ്ഞു.

ഷാർജ ഒഴികെ മുഴുവൻ എമിറേറ്റുകളിലും വലുതും ചെറുതുമായ നിരവധി പരിപാടികൾ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ആവേശം പകരാനായി സംഘടിപ്പിക്കുന്നുണ്ട്​. യു.എ.ഇയി​ലെ പൊതു, സ്വകാര്യ മേഖലകൾക്ക്​ തിങ്കളാഴ്ച വരെയാണ്​ അവധി. പുതുവത്സരദിനം ശനി, ഞായർ ദിവസങ്ങളുമായി ചേർന്നുവന്നതിൽ ആഹ്ലാദത്തിലാണ്​ എല്ലാവരും. ശനിയാഴ്ച മുതൽ തന്നെ അവധിയുടെ തിരക്ക് മിക്ക വിനോദ കേന്ദ്രങ്ങളിലും ദൃശ്യവുമാണ്​.

പുതുവർഷ രാവിൽ ദുബൈ മുതൽ റാസൽഖൈമ വരെ ആഘോഷങ്ങൾ ഇത്തവണയും പൊടിപൊടിക്കും. വെടിക്കെട്ടുകളും ഡ്രോൺ ഷോകളുമാണ്​ പ്രധാന കേന്ദ്രങ്ങളിൽ അരങ്ങേറുന്നത്​. എല്ലാ വർഷവും ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തുക ദുബൈയിലെ ബുർജ്​ ഖലീഫ പരിസരത്തെ ആഘോഷത്തിന്​ തന്നെയായിരിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. ദുബൈയിൽ ബുർജ്​ ഖലീഫക്ക്​ പുറമെ, പാംജുമൈറ, ബുർജ്​ അൽ അറബ്​, ഹത്ത, അൽ സീഫ്​, ബ്ലൂ വാട്ടേഴ്​സ്​, ദ ബീച്ച്​, ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലാണ്​ കരിമരുന്ന്​ പ്രയോഗവും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുള്ളത്​. ഗ്ലോബൽ വില്ലേജിൽ ഏഴു തവണകളിലായി പുതുവത്സര ദിനാഘോഷം നടക്കും.

അബൂദബിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം നടക്കും. അബൂദബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്‍റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്‍റുകളും ഷോകളും ഒരുക്കുന്നത്. ലേസർ ഷോ, എമിറേറ്റ്‌സ് ഫൗണ്ടൻ, ഗ്ലോവിങ്​ ടവേഴ്‌സ് ഗാർഡൻ, ഫെസ്റ്റിവലിന്‍റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്‍റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ഒരു ലക്ഷം കളർബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും. ഡി.ജെ, ലൈവ് മ്യൂസിക് ഷോയും രാവിന്‍റെ ഭം​ഗികൂട്ടും.

 

Leave a Reply

Your email address will not be published. Required fields are marked *