കൊച്ചി:  രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന കെസ്മാർട്ട് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കൊച്ചി കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി. രാജീവ് കെസ്മാര്‍ട്ട് മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ-സ്മാര്‍ട്ടിലൂടെ നൂതന സാങ്കേതിക വിദ്യാരംഗത്ത് രാജ്യത്തിന് മുന്നിൽ ഒരിക്കല്‍ക്കൂടി കേരളം മാതൃക തീര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒറ്റ ക്ലിക്കില്‍ ഒരു വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വരുന്നത്. സാങ്കേതിക വിദ്യാരംഗത്തിന്റെ വളര്‍ച്ചയെ നാടിന്റെ നാനാരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശം നടപ്പാക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കെ-സ്മാര്‍ട്ട്. വിദ്യാഭ്യാസ മേഖലയിൽ ഓണ്‍ലൈന്‍ ക്ലാസ്, എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ നിലവില്‍ വന്ന കെ-ഫോണ്‍, ആരോഗ്യരംഗത്തെ ഇ-ഗവേര്‍ണന്‍സ് സംവിധാനം തുടങ്ങിയ നൂതന സംവിധാനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായാണ് കേരളം നടപ്പാക്കിയിരിക്കുന്നത്. കെ-സ്മാര്‍ട്ട് സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഏറ്റവും ആവശ്യമായ സേവനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കുന്ന സംവിധാനമാണ്. ഇത് നാല്‍പ്പത് ലക്ഷത്തോളം വരുന്ന പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഓഫീസുകള്‍ കയറിയിറങ്ങാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ ലോകത്തിന്റെ ഏത് ദിക്കിലിരുന്നും ലഭ്യമാകുന്നതോടെ ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ അതിന്റെ പൂര്‍ണതോതില്‍ ആസ്വദിക്കാനാകും. അഴിമതി അവകാശമായിക്കാണുന്ന ചിലര്‍ നമുക്കിടയിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നതോടെ ഇത് കുറയുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യും. ജനസേവനമാണ് ചുമതലയെന്ന് മനസിലാക്കി ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ഇത്തരക്കാര്‍ നിര്‍ബന്ധിതരാകും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനോന്മുഖമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെ-സ്മാര്‍ട്ട് വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, കെ.ജെ മാക്‌സി എം.എല്‍.എ, എന്നിവരും ചടങ്ങിൽ സന്നിഹിതരായി. എറണാകുളം ജില്ലയിലെ ഐ.കെ.എം പ്രോഡക്ട് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ പ്രൊഫ ജിജു പി. അലക്‌സും നിർവഹിച്ചു. കെസ്മാർട്ട് ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഐ.എ.എസ് നിർവഹിച്ചു.

നവകേരള നിര്‍മിതിയിലെ നിര്‍ണായക ചുവടുവെയ്പ്പാണ് കെ-സ്മാര്‍ട്ടെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള മുന്നേറ്റത്തിലേക്കുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി മാറുന്നത്. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകുന്ന സേവനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായാണ് നിലവില്‍ വരുന്നത്. മറ്റ് സംസ്ഥാനങ്ങളും ഇത് നടപ്പാക്കാന്‍ താല്‍പര്യമറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഐ.കെ.എമ്മും കര്‍ണാടക മുന്‍സിപ്പല്‍ ഡേറ്റ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവെക്കുന്നത്. നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍, സോഫ്റ്റുവെയര്‍ ഡെവലപ്പ്‌മെന്റിന് ഐ.കെ.എമ്മിനെ പാര്‍ട്ട്ണറായി അംഗീകരിച്ചിരുന്നു. അതോടൊപ്പം തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സ്, അര്‍ബന്‍ ഗവേര്‍ണന്‍സ് പ്ലാറ്റ്‌ഫോം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കുന്നതിനുള്ള നിര്‍വഹണ പങ്കാളിയായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ എംപാനല്‍ ചെയ്തിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ഇതിനോടകം പരിശീലനം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇതിന് ആവശ്യമായ ഹാര്‍ഡ് വെയറുകളും സാങ്കേതിക സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാങ്കേതിക പ്രശ്‌നങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുടക്കത്തില്‍ പത്തുപേരടങ്ങുന്ന സാങ്കേതിക ടീമിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ഗ്രാമപഞ്ചയത്തുകളും മുനിസിപാലിറ്റികളും കോര്‍പ്പറേഷനുകളുമടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കെ സ്മാര്‍ട്ടിലൂടെ സാധിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, സംസ്ഥാനത്തെ നഗര സഭകളിലും കോര്‍പ്പറേഷനുകളിലുമാകും കെസ്മാര്‍ട്ട് സേവനം ലഭ്യമാകുന്നത്. ഇതിന്റെ തുടര്‍ച്ചയായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലേക്കും സേവനമെത്തും. കെസ്മാര്‍ട്ട് അഥവ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ നിലവില്‍ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സംസ്ഥാനത്തെ ഗ്രാമപഞ്ചയത്തുകളും മുനിസിപാലിറ്റികളും കോര്‍പ്പറേഷനുകളുമടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കെസ്മാര്‍ട്ടിലൂടെ സാധിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചിരിക്കുന്ന കെസ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെസ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരം പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. കെട്ടിടം നിര്‍മ്മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടങ്ങള്‍ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‍വെയർ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുന്നതിനാല്‍ ഫീല്‍ഡ് പരിശോധനകള്‍ ലഘൂകരിക്കപ്പെടുകയും വേഗത്തില്‍ നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാവുകയും ചെയ്യും. ജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും പെര്‍മിറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെസ്മാര്‍ട്ടിലൂടെ സാധിക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ  എയര്‍പോര്‍ട്ട് സോണുകള്‍, പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയവയില്‍ ഉള്‍പെട്ടതാണോ എന്നറിയാന്‍ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാന്‍ ചെയ്ത് വിവരങ്ങളെടുക്കാം. കെട്ടിടം എത്ര ഉയരത്തില്‍ നിര്‍മിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റര്‍ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *