പാരിസ്: പുതുകാല ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ഇമ്മാനുവൽ മക്രോ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെ നിയമിച്ച് സർക്കാരിന്റെ ജനപ്രീതി വീണ്ടെടുക്കാൻ ശ്രമിക്കുന്നു. മന്ത്രിസഭ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായി രാജിവച്ച എലീസബറ്റ് ബോണിനു പകരമാണ് 34 വയസ്സുള്ള ഗബ്രിയേൽ അത്താൽ പ്രധാനമന്ത്രിയാകുന്നത്. നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ്.

കോവിഡ് കാലത്ത് സർക്കാർ വക്താവായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന യുവനേതാവ് ഫ്രാൻസിലെ ജനപ്രിയ മുഖമാണ്. ഉശിരൻ പ്രസംഗങ്ങളും തീപാറുന്ന വാക്കുകളിലൂടെ എതിരാളിയെ എയ്തു വീഴ്ത്തുന്ന ശൈലിയും മുഖമുദ്രയായതിനാൽ ‘വേഡ് സ്നൈപ്പർ’ എന്ന് ഫ്രഞ്ചുകാർ പ്രശംസയോടെ വിളിക്കുന്നു.

2006ൽ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. 2016ൽ പുതുപുത്തൻ മിതവാദി പാർട്ടിയുമായി മക്രോ എത്തിയതോടെ അങ്ങോട്ടു ചേക്കേറി. സ്വവർഗാനുരാഗിയാണെന്നു സ്വയം വെളിപ്പെടുത്തിയിട്ടുള്ള മന്ത്രിസഭാംഗം കൂടിയാണ് ജൂത, ക്രിസ്ത്യൻ കുടുംബപശ്ചാത്തലമുള്ള അത്തൽ. മക്രോയുടെ മുൻ ഉപദേഷ്ടാവും യൂറോപ്യൻ പാർലമെന്റ് അംഗവുമായ സ്റ്റെഫാൻ സെഷൂണാണ് പങ്കാളി.

Leave a Reply

Your email address will not be published. Required fields are marked *