തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം 25ന് നയപ്രഖ്യാപനത്തോടെ വിളിച്ചുചേർക്കണമെന്ന മന്ത്രിസഭയുടെ ശുപാ‍ർശയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഡൽഹിക്കുപോയ ഗവർണർ ഓൺലൈനായാണ് അംഗീകാരം നൽകിയത്. ബജറ്റ് അവതരിപ്പിക്കുന്ന തീയതി ഉൾപ്പെടെ നിയമസഭാ കാര്യപരിപാടിയിൽ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കർ എ.എൻ.ഷംസീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തീയതി മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് സർക്കാർ. എന്തു മാറ്റം സാധിക്കുമെന്ന് നിയമസഭയുടെ കാര്യോപദേശക സമിതി ചർച്ച ചെയ്യും.

ഗവർണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൊച്ചിയിലും തൃശൂരും വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമേ തിരുവനന്തപുരത്ത് മടങ്ങി എത്തൂ. 16നു കൊച്ചിയിൽ ഷിപ്‍യാർഡിലെ ചടങ്ങിലും 17നു ഗുരുവായൂരിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും പങ്കെടുക്കും. 18നു തിരുവനന്തപുരത്ത് എത്തും. നിയമസഭാ സമ്മേളനം തുടങ്ങുന്ന 25നു നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് ഗവർണറെ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. 18നു ശേഷം സ്പീക്കർ നേരിട്ടെത്തി ക്ഷണിക്കുമെന്നു പ്രതീക്ഷിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *