കൊച്ചി: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹന സോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്, അന്താരാഷ്ട്ര തലത്തിൽ ഓട്ടോമോട്ടീവ്, ടെക്‌നോളജി രംഗങ്ങളിലെ സഹകരണകൂട്ടായ്മയായ   സോഫീയുമായി  (SOAFEE)  കൈകോർക്കുന്നു. സോഫി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന “സ്‌കെയ്‌ലബിൾ ഓപ്പൺ ആർകിടെക്ച്ചർ ഫോർ എംബഡ്ഡഡ് എഡ്ജ്” എന്ന സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പുമായാണ് മലയാളിയായ ജിജിമോൻ ചന്ദ്രൻ നയിക്കുന്ന ആക്സിയ ടെക്‌നോളജീസ് സഹകരിക്കുന്നത്. കൂടുതൽ മികവുറ്റതും വേഗമേറിയതുമായ സോഫ്ട്‍വെയറുകൾ വികസിപ്പിക്കാനും പരീക്ഷിക്കാനും പ്രയോഗിക്കാനും കമ്പനിക്ക് ഇതുവഴി അവസരമുണ്ടാകും.

 രാജ്യാന്തര തലത്തിൽ വാഹന, സാങ്കേതികവിദ്യാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുൻനിര വ്യക്തികളും വിദഗ്ധരുമാണ് സോഫീയിലെ അംഗങ്ങൾ. അവരുടെ അറിവും ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും ഈ കൂട്ടായ്മയ്ക്കുള്ളിൽ പങ്കുവെക്കുന്നതിലൂടെ മേഖലയിലാകെ കരുത്തുറ്റതും മികവേറിയതുമായ സാങ്കേതികമുന്നേറ്റം സാധ്യമാകുന്നു. ഭാവിയിലെ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു ക്‌ളൗഡ്‌ അധിഷ്ഠിത, ഓപ്പൺ സോഴ്സ് സോഫ്ട്‍വെയർ നിർമിക്കുകയാണ് ഈ കൂട്ടായ്മ. ഇന്ന് നമ്മൾ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സോഫ്ട്‍വെയറുകൾ ലളിതമാക്കുകയാണ് ലക്‌ഷ്യം. ഈ കൂട്ടായ്മയിൽ അംഗമാകുന്നതോടെ ആക്സിയ ടെക്‌നോളജീസിനും വലിയ സംഭാവനകൾ നൽകാനും, സ്വന്തം പ്രവർത്തനമേഖല കൂടുതൽ വിശാലമാക്കാനും കഴിയും. വ്യത്യസ്തമായ ഹാർഡ്‌വെയർ കോൺഫിഗറേഷനുകൾ സപ്പോർട്ട് ചെയ്യുന്ന, ലളിതമായ സോഫ്ട്‍വെയറുകൾ ഉണ്ടാക്കാനാണ് ശ്രമം. സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സോഫ്ട്‍വെയറുകളായിരിക്കും ഇവ. ആധുനിക വാഹനവിപണിയിലെ സങ്കീർണമായ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ആക്സിയ ടെക്‌നോളജീസിന്റെ ലക്ഷ്യത്തോട് ഏറെ അടുത്തുനിൽക്കുന്നതാണ്  സോഫീയുടെ ശ്രമങ്ങളും.

 വാഹനങ്ങളിൽ പ്രവർത്തിക്കുന്ന സോഫ്ട്‍വെയറുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പ്ലാറ്റ്ഫോമാണ് സബാറ്റൻ. കംപ്യുട്ടറികൾക്കുള്ളിൽ ഒരു ഭാവനാലോകം സൃഷ്ടിച്ച് (വിർച്വലൈസ് എന്ന സംവിധാനം) അതിനുള്ളിൽ സബാറ്റൻ ഉപയോഗിച്ച് സോഫ്ട്‍വെയറുകൾ സൃഷ്ടിക്കാനാണ് ആക്സിയ ടെക്‌നോളജീസ് ശ്രമിക്കുന്നത്. ലിനക്സ് ഉപയോഗിച്ചുള്ള സോഫ്ട്‍വെയർ സൃഷ്ടിയിൽ വ്യത്യസ്തമായ ഒരു ചുവടുവെപ്പായിരിക്കും ഇത്. കൂടാതെ ലിനക്‌സും ആൻഡ്രോയിഡും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിർച്വൽ ഡിജിറ്റൽ

 കോക്ക്പിറ്റ് പ്ലാറ്റ്ഫോമിന്റെ നിർമാണവും പുരോഗമിക്കുകയാണ്. വാഹനങ്ങളിലെ പ്രധാന സുരക്ഷാഫീച്ചറുകളിൽ ഒന്നായ ADAS സംവിധാനത്തിൽ ഉൾപ്പെടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആക്സിയ ടെക്‌നോളജീസിന്റെ ശ്രമങ്ങൾ വഴിയൊരുക്കും. സോഫീയുടെ ക്‌ളൗഡ്‌ അധിഷ്ഠിത ഡെവലപ്‌മെന്റ് പ്ലാറ്റ്ഫോം ഉപയോഗിച്ച് സങ്കീർണമായ ഇത്തരം പ്രോഗ്രാമുകൾ പോലും വളരെ വേഗത്തിലും കൃത്യതയോടെയും സൃഷ്ടിക്കാൻ ആക്സിയ ടെക്‌നോളജീസിന് കഴിയും.

 വാഹനവിപണിയിൽ വികസനവും പുതുമയും സുരക്ഷയും ഒരുക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹകരണമെന്ന് ആക്സിയ ടെക്‌നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. സോഫീയുമായി സഹകരിച്ച് കമ്പനിയുടെ പ്രവർത്തനമണ്ഡലവും ലക്ഷ്യവും കൂടുതൽ വിശാലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഫീയുടെ ലക്ഷ്യങ്ങളും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി, ഓട്ടോമൊബൈൽ രംഗത്തെ തങ്ങളുടെ സംഭാവനകൾ കൂടുതൽ വിപുലമാക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 സോഫിയുമായുള്ള സഹകരണം ആക്‌സിയയുടെ ഗുണഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടും. കരുത്തുറ്റ, നെക്സ്റ്റ് ജനറേഷൻ സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് ഈ രംഗത്തെ നിരവധി വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ഭാവിയിലുണ്ടാകുന്ന മാറ്റങ്ങളെ നേരത്തെ തിരിച്ചറിയാനും അവ ഉൾക്കൊള്ളാനുള്ള തയാറെടുപ്പുകൾ സ്വീകരിക്കാനും ആക്സിയ ടെക്‌നോളജീസിന്റെ എഞ്ചിനീയർമാരെ ഈ സഹകരണം പ്രാപ്തരാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *