ഇസ്‌ലാമാബാദ്: ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇറാൻ ബോംബിട്ടതിനു തിരിച്ചടിയായി ഇറാനിലെ സിസ്തൻ– ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് വ്യോമസേനയുടെ പോർവിമാനവും ഡ്രോണുകളും ആക്രമണം ന‌ടത്തി. ഇന്നലെ രാവിലെ 6 ന് (ഇന്ത്യൻ സമയം 6.30) നടത്തിയ ആക്രമണത്തിൽ 4 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ‘മർഗ് ബർ സർമചാർ’ (ഒളിപ്പോരുകാർക്കു മരണം) എന്ന പേരിട്ട നടപടിയിലൂടെ ഇറാന്റെ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ ഉള്ളിലായി 7 കേന്ദ്രങ്ങളെയാണ് ലക്ഷ്യം വച്ചത്. ആക്രമണമുണ്ടായ സർവാൻ ഗ്രാമം, സിസ്തൻ–ബലൂചിസ്ഥാൻ തലസ്ഥാനമായ സഹിദാനിൽനിന്ന് 347 കിലോമീറ്റർ തെക്കുകിഴക്കാണ്.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് എന്നീ ഭീകരസംഘടനകളുടെ താവളങ്ങളിലായി ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസ് അവകാശപ്പെട്ടു. ടെഹ്റാനിലെ പാക്ക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ടവർ തങ്ങളുടെ പൗരരല്ലെന്നും ഇറാൻ പറയുന്നു. ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചതോടെ മേഖലയിൽ സംഘർഷം കനത്തു.

Leave a Reply

Your email address will not be published. Required fields are marked *