തിരുവനന്തപുരം: ആരോഗ്യരംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിച്ച് കിംസ്ഹെൽത്ത്. പൂവാര്‍ ആയുര്‍വേദ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലുമായി ചേര്‍ന്ന് തിരുവനന്തപുരം ആനയറയിൽ  കിംസ്‌ഹെല്‍ത്ത് ആയുര്‍വേദ ആന്‍ഡ് വെല്‍നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും  മാനേജിങ്ങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, കെ.കെ ഗ്രൂപ്പ്, ഫ്‌ളോട്ടല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂവാര്‍ ഐലന്റ് റിസോര്‍ട്ട് എന്നിവയുടെ ചെയര്‍മാനായ കബീര്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആയുർവേദ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സമഗ്രമായ ആരോഗ്യപരിരക്ഷ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി പരമ്പരാഗത ആയുർവേദ ചികിത്സാരീതികളെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ കിംസ്ഹെൽത്ത് ലക്ഷ്യമിടുന്നത്.

സമഗ്രമായ ആരോഗ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആരോഗ്യപരിപാലനത്തിലൂടെ ജീവിതനിലവാരം ഉയര്‍ത്തേണ്ടത് പ്രധാനമാണെന്നും അത് ലക്ഷ്യമിട്ടാണ് ആയുർവേദ സെന്റര്‍ സ്ഥാപിക്കുന്നതെന്നും ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ആധുനിക കാലത്തെ ജീവിതത്തില്‍ സമ്മര്‍ദ്ദം ഒരു പ്രധാന ഘടകമാണ്. അത് നന്നായി കൈകാര്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിന് വേണ്ട പരിഹാരമാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ആയുർവേദ സെന്ററെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമത്തിന് ദീര്‍ഘകാല പരിഹാരങ്ങള്‍ നല്‍കാന്‍ കിംസ്ഹെൽത്തുമായുള്ള ബന്ധം സഹായിക്കുമെന്ന് കബീര്‍ ഖാദറും കൂട്ടിച്ചേർത്തു.

ഓർത്തോ-ന്യൂറോ റീഹാബിലിറ്റേഷൻ, പോസ്റ്റ് സ്ട്രോക്ക് മാനേജ്മെന്റ്, വെയ്റ്റ് മാനേജ്മെന്റ്, സ്ട്രെസ് മാനേജ്മെന്റ്, യോഗ, ആയുർവേദ ഡയറ്റ് എന്നീ സേവനങ്ങൾക്ക് പുറമെ വിവിധ തെറാപ്പികളും കിംസ്ഹെൽത്ത് ആയുർവേദ ആൻഡ് വെൽനസ് സെന്ററിൽ ലഭ്യമാകും. അഭ്യംഗം, ഉദ്വർത്തനം, ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, ശിരോധാര തുടങ്ങി ഇരുപതിലധികം തെറാപ്പികളും സെന്ററിലുണ്ട്.

കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ്, ഫ്‌ളോട്ടല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി എം.ആര്‍ നാരായണന്‍, ഓ മൈ ജീന്‍ ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍ രഖുചന്ദ്രന്‍ നായര്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *