നടി സ്വാസികയുടെ വിവാഹത്തിൽ തിളങ്ങി നടിമാരായ സരയു മോഹൻ, മഞ്ജു പിള്ള, ദേവി ചന്ദന, രചന നാരായണൻകുട്ടി. സ്വാസികയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളായ ഇവർ ഒരേനിറമുള്ള വസ്ത്രമണിഞ്ഞാണ് കൂട്ടുകാരിയുടെ വിവാഹത്തിനെത്തിയത്.

‘‘ഈ സ്നേഹം …. ഈ സന്തോഷം… അതൊരിക്കലും മങ്ങരുതേ എന്ന പ്രാർഥന മാത്രം. ഞങ്ങളുടെ സുന്ദരിക്കുട്ടി സ്വപ്‌നസ്പർശമുള്ള പെൺകുട്ടി പാറുവിന്റെ (സ്വാസിക) “The Big Day”. ഇന്നലെ വളരെയധികം വൈകാരിക നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഈ ഫോട്ടോയിൽ പാറു ഇല്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ ഉടനീളം അവൾ മാത്രമായിരുന്നു. മഞ്ജു, സരയു, ദേവി എനിക്ക് നിങ്ങളെ എല്ലാരേം പെരുത്തിഷ്ടാണേ.’’–രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ചുവപ്പും ​ഗോൾഡൺ നിറവും കലർന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് സ്വാസിക വിവാഹത്തിനെത്തിയത്. ക്രീ നിറത്തിലുള്ള ഷേർവാണിയായിരുന്നു പ്രേമിന്റെ വേഷം. ബീച്ച് വെഡ്ഡിങാണ് സ്വാസികയും പ്രേം ജേക്കബും തിരഞ്ഞെടുത്തത്. വിവാഹത്തിന് മുന്നോടിയായി സം​ഗീത് നൈറ്റും ഇരുവരും ഒരുക്കിയിരുന്നു.

ബീച്ച് വെഡ്ഡിങിന് ശേഷം ബന്ധുക്കൾക്കും കൂട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി വിവാഹസൽക്കാരവും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. ദിലീപ്, സുരേഷ് ഗോപി അടക്കമുള്ള നിരവധി സിനിമാ താരങ്ങളും ഒട്ടനവധി സീരിയൽ താരങ്ങളും വിവാഹ​ത്തിൽ പങ്കെടുക്കാനും ഇരുവർക്കും ആശംസകൾ നേരാനും എത്തിയിരുന്നു.

‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർക്കിടയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്.

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാരംഗത്ത് എത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.

ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് സ്വാസികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *