കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്‌സ് കമ്മിറ്റി ഓണ്‍ സ്‌പൈസസ് ആന്റ് കുലിനറി ഹെര്‍ബ്‌സിന്റെ (സിസിഎസ്‌സിഎച്ച്)  ഏഴാമത് വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി അമര്‍ദീപ് സിങ് ഭാട്ടിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. 31 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കം 109 പ്രതിനിധികളാണ് അഞ്ചു ദിവസം വിവിധ സെഷനുകളായി നടക്കുന്ന വിപുലമായ യോഗത്തില്‍ പങ്കെടുക്കുന്നത്. ഏലം, മഞ്ഞള്‍, തക്കോലം, വാനില തുടങ്ങി ആറ് സുഗന്ധവ്യജ്ഞനങ്ങളുടെ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ട.
 “ഗുണനിലവാര മാനദണ്ഡങ്ങൾ വ്യാപാരം സുഗമമാക്കണം, വ്യാപാര തടസ്സമാകരുത്. ഭാവിയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷ്ണത്തോടുകൂടിയാവണം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത്. മാത്രമല്ല ആഗോളതലത്തിൽ മാനദണ്ഡങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ടെന്നും” – അന്താരാഷ്ട്ര വിപണിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യവും ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഏകീകൃത മാനദണ്ഡങ്ങളുടെ ആവശ്യകതയും പരാമര്‍ശിക്കവെ ശ്രീ അമർദീപ് സിംഗ് ഭാട്ടിയ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന സെഷനില്‍ സിസിഎസ്എച്ച് ചെയര്‍പേഴ്‌സന്‍ ഡോ. എം ആര്‍ സുദര്‍ശന്‍ ആമുഖ ഭാഷണം നടത്തി. സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ ഐഎഫ്എസ് സ്വാഗതം പറഞ്ഞു. കോഡെക്‌സ് സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ച് ഡോ ഹില്‍ഡെ ക്രുസെ, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ എ. ബി. രമ ശ്രീ എന്നിവര്‍ സംസാരിച്ചു. കോഡെക്‌സ് അലിമെന്റേറിയസ് കമ്മീഷന്‍ അധ്യക്ഷന്‍ സ്റ്റീവ് വെര്‍നെയുടെ റെക്കോര്‍ഡ് ചെയ്ത സന്ദേശവും ചടങ്ങില്‍ അവതരിപ്പിച്ചു. ഫെബ്രുവരി രണ്ടിന് യോഗം സമാപിക്കും.
10 വര്‍ഷം പിന്നിട്ട കോഡെക്‌സ് കമ്മിറ്റി ഓണ്‍ സ്‌പൈസസ് ആന്റ് കുലിനറി ഹെര്‍ബ്‌സ് ആറു സെഷനുകളിലായി 11 ഇനം സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കി. ഈ മാനദണ്ഡങ്ങള്‍ക്ക്  കോഡെക്‌സ് അലിമെന്റേറിയസ് കമ്മീഷന്‍ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മ, സുരക്ഷ, ഏകീകൃത മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് സിസിഎസ്‌സിഎച്ചിന്റെ പ്രധാന ചുമതല.

Leave a Reply

Your email address will not be published. Required fields are marked *