തൃശ്ശൂർ: ക്രിസ്മസ്, പുതുവത്സര സീസണിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ആഘോഷത്തിന് ഇരട്ടി മധുരം പകരാൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നടപ്പിലാക്കിയ ‘കേക്ക് ഓഫ് കംപാഷൻ’ പദ്ധതി സമാപിച്ചു. ചേറൂർ സെന്റ് ജോസഫ് സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കേക്ക് വിതരണത്തോടെയാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചു വന്ന ഈ പദ്ധതിക്ക് സമാപനം കുറിച്ചത്. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു.
രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരും, പിന്തുണ ആവശ്യമുള്ളവരുമായ കുട്ടികൾക്ക് ഇസാഫ് ജീവനക്കാരുടെ സ്നോഹോപഹാരമായാണ് കേക്ക് ഓഫ് കംപാഷൻ വിതരണം നടന്നത്. ഇസാഫിന്റെ എല്ലാ ശാഖകളിലേയും ജീവനക്കാർ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളായി. 1,500ലധികം  ജീവനക്കാരുടെ പങ്കാളിത്തത്തോടെ 5000ലധികം കുട്ടികൾക്ക് കേക്കുകൾ വിതരണം ചെയ്തു. പദ്ധതിക്കായി 3.5 ലക്ഷം രൂപയാണ് ജീവനക്കാർ സ്വരൂപിച്ച് നൽകിയത്.
“ഇസാഫ് എല്ലായ്‌പ്പോഴും നിരാലംബരായവർക്കൊപ്പം നിലകൊള്ളുന്നു, അവരോടൊപ്പം നിൽക്കുക എന്നത് ബ്രാൻഡിന്റെ നിലപാടുകളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ഇസാഫ്  തങ്ങൾ പിന്തുടരുന്ന മൂല്യങ്ങളെ മുറുകെ പിടിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു,” ചടങ്ങിൽ സംസാരിച്ച ജോർജ് തോമസ് പറഞ്ഞു.
സെന്റ് ജോസഫ് സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ലെറ്റിസിയ സ്വാഗതം പറഞ്ഞു. ഇസാഫ്  ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് സോണി വി മാത്യു, ഇസാഫ് ഫൗണ്ടേഷൻ പ്രോഗ്രാമുകളുടെ മാനേജർ ജോർജ് എംപി, സെന്റ് ജോസഫ് സ്‌പെഷ്യൽ സ്‌കൂൾ പിടിഎ പ്രസിഡന്റ് ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാൻഡിംഗ് & കമ്മ്യൂണിക്കേഷൻസ് സീനിയർ മാനേജർ അശ്വിൻ  ആന്റണി, മാനേജർ ജെയിംസ് തങ്കച്ചൻ, ഇസാഫ് സസ്റ്റൈനബിൾ ബാങ്കിംഗ് ഡെപ്യൂട്ടി മാനേജർ സൈജു പി എസ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *