ഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി കേന്ദ്ര സർക്കാർ . സംസ്ഥാനങ്ങളോട് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ ആവശ്യപ്പെടും .
ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നടത്തണമെന്നാണ് നിർദേശം . ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ജനിതക ശ്രേണീകരണം നടത്തണം. ആശുപത്രികളിൽ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം നിലവിലെ സാഹചര്യം വിലയിരുത്തി. ആയിരത്തിന് മുകളിൽ കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും കോവിഡ് രോഗികൾക്ക് ആവശ്യമായ ക്രമീകരണം ആശുപത്രികളിൽ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ടെസ്റ്റ് ട്രാക്ക് ട്രീറ്റ് വാക്‌സിനേഷൻ രീതി പിന്തുടരാനും യോഗത്തിൽ ധാരണയായി.