ഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തുമെന്ന് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും സജീവമാക്കുകയാണ് കോൺഗ്രസ്.
10 മണി മുതലാണ് സത്യഗ്രഹം. ഡൽഹി രാജ്ഘട്ടിലെ സത്യഗ്രഹത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാന നേതാക്കളെല്ലാം ഭാഗമാകും. പ്രതിപക്ഷ പാർട്ടികളും സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.
തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുൽ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. അഭിഷേക് മനു സിംഗ്‍വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേർന്നേക്കും.