പാട്യാല: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ മുൻ പി.സി.സി അധ്യക്ഷനും ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു മോചിതനായി. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായിരുന്നത്.
പത്ത് മാസമാണ് ഇദ്ദേഹം ജയിലിൽ കഴിഞ്ഞത്. ജയിലിൽ നിന്നറിങ്ങിയ സിദ്ദു വളരെ രൂക്ഷമായാണ് കേന്ദ്രസർക്കാറിനെതിരെ പ്രതികരിച്ചത്. ‘ജനാധിപത്യം ചങ്ങലയിലാണ്, പഞ്ചാബ് ഈ രാജ്യത്തിന്റെ കവചമാണ്. ഏകാധിപത്യം വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിപ്ലവവും വന്നു’ സിദ്ദു അഭിപ്രായപ്പെട്ടു.
ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തീവ്ര സിഖ് പ്രചാരകനായ അമൃത്പാൽ സിംഗിനും സംഘത്തിനുമെതിരെ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സിദ്ദുവിന്റെ പ്രതികരണം.