ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതോടെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി ബിജെപിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസിൽ ചേരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചര്‍ച്ച നടത്തിയിരുന്നു. സീറ്റില്ലെന്ന് ഉറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
കര്‍ണാടക ബിജെപിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രാദേശിക തീരുമാനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുന്‍മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒന്നടങ്കം വെട്ടിയത് ഇതിന്റെ തുടക്കമാണ്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരിലായിരുന്നു ഈ നടപടി.
2003 മുതല്‍ 2018വരെ ബെളഗാവിയില്‍ നിന്നു എം.എല്‍.എയായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവഡിയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുന്നത്. 2019ല്‍ ഓപ്പറേഷന്‍ താമര വഴി പാര്‍ട്ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ബി.എസ്. യെഡിയൂരപ്പയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് സാവഡി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. പ്രമുഖ ലിംഗായത്ത് നേതാവായ ലക്ഷമണിന്റെ സാന്നിധ്യം മുതല്‍കൂട്ടാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.