ബെംഗളൂരു: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയിൽ നിന്ന് രാജിവച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാര്ഥിയാകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സാവദി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സാവദി ബിജെപിയിൽ നിന്ന് രാജിവച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അടുത്ത അനുയായിയും കരുത്തനായ ലിംഗായത്ത് നേതാവുമാണ് സാവദി. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണ് കര്‍ണാടക ബിജെപിയില്‍ കലഹമുണ്ടായത്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരില്‍ മുതിർന്ന നേതാക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു ബിജെപി.