കൊൽക്കത്ത: മുതിര്‍ന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബിജെപിയിൽ ചേർന്നേക്കും. ‘‘ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നിൽക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്.’’– ഒരു ബംഗാളി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും തൃണമൂൽ കോൺഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും മുകുൾ റോയ് വ്യക്തമാക്കി.
തിങ്കളാഴ്‌ച വൈകിട്ട് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ അദ്ദേഹം ഡൽഹി യാത്രയ്ക്ക് ‘പ്രത്യേക അജണ്ട’ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ‘‘ഞാൻ ഡൽഹിയിൽ എത്തി. പ്രത്യേക അജണ്ട ഒന്നുമില്ല. ഞാൻ എംപിയായിരുന്നു. എനിക്ക് ഡൽഹിയിൽ വരാൻ പറ്റില്ലേ?. നേരത്തെ ഞാൻ സ്ഥിരമായി ഡൽഹിയിൽ വരുമായിരുന്നു’.’– മുകുൾ റോയ് പറഞ്ഞു. തുടർന്നാണ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിജെപിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവിൽ ഒരാളാണ് മുകുൾ റോയ്. 2017ൽ ബിജെപിയിലേക്ക് മാറിയ ഇദ്ദേഹം 2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. തുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിലേക്ക് വീണ്ടും മടങ്ങിയെത്തി.