ബെംഗളൂരു: കർണാടകയിൽ സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രിക. സംവരണപരിധി അൻപതിൽ നിന്ന് എഴുപത് ശതമാനമാക്കി ഉയർത്തും. മുസ്​ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. സാമൂഹിക – സാമ്പത്തിക സെൻസസ് പുറത്തുവിടും. കോൺഗ്രസ് വാഗ്ദാനം നൽകുന്നു. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയത്.

പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം 15 ശതമാനത്തിൽ നിന്ന് 17 ശതമാനമായി വർധിപ്പിക്കും. പട്ടികവർഗത്തിനുള്ള സംവരണം 3 ൽ നിന്ന് ഏഴ് ശതമാനമായും ന്യൂനപക്ഷ സംവരണം നാല് ശതമാനമായും വർധിപ്പിക്കും. ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളുടെ സംവരണവും വർധിപ്പിക്കും. ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. പ്രതിമാസം ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് 2000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് 3000 രൂപ, ഡിപ്ലോമധാരികൾക്ക് രണ്ട് വർഷത്തേക്ക് 1500 രൂപ വീതം നൽകുമെന്നും കർണാടക ആർടിസി, ബിഎംടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

ബജ്‌റംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കും. ജാതിയുടെയും മതത്തിന്‍റെയും പേരിൽ സാമുദായികവിദ്വേഷം പരത്തുന്നത് തടയുന്നതിന് കർശന നടപടിയെടുക്കും. അഴിമതി പൂർണ്ണമായും തുടച്ചുനീക്കും. ഇതിനായി ഗ്രാമവികസനം, ജലസേചനം, നഗരവികസനം, ഊർജ മേഖലകളിലെ പദ്ധതികൾക്ക് സുതാര്യമായ ടെൻഡർ സംവിധാനം കൊണ്ടുവരും. അഴിമതി നടത്തുന്നവരെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് അവകാശപ്പെടുന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *