ഇംഫാൽ: മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകുന്നതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരിൽ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. അക്രമത്തെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു.
മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നലെ രാത്രി മുതൽ കര്‍ഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. ‘‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ.’’ – ബോക്സിങ് ഇതിഹാസ താരം മേരി കോമിന്റെ ട്വീറ്റ് നിരവധിപ്പേരാണ് പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്താണ് ട്വീറ്റ്.
ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകാൻ തീരുമാനിച്ചതിനെതിരെ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരകളിലാണ് താമസിക്കുന്നത്. നിലവിലെ നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല.