മുംബൈ: ശരദ് പവാർ എൻസിപിയുടെ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് കോർ കമ്മിറ്റി. അദ്ദേഹത്തിന്റെ രാജി എൻസിപി നേതൃയോഗം തള്ളി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി തള്ളിയത്. പ്രതിപക്ഷ നേതാക്കളും പവാർ പദവിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, യോഗത്തിൽ തന്റെ തീരുമാനം പവാർ വ്യക്തമാക്കിയില്ല. യോഗവേദിക്കു പുറത്ത് പ്രവർത്തകരും പ്രതിഷേധത്തിലാണ്.
ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ ഹാളിൽ ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുന്ന വേളയിൽ മേയ് രണ്ടിനാണ് പാർട്ടി അണികളെ ഞെട്ടിച്ച തീരുമാനം പവാർ പ്രഖ്യാപിച്ചത്. പിന്നീട് രാജിക്കെതിരെ പാർട്ടി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. തുടർന്ന് തീരുമാനം പുനഃപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി സഹോദരപുത്രൻ അജിത് പവാർ പറഞ്ഞിരുന്നു.