നഞ്ചൻകോട്: കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്ത് 85 ശതമാനം പണവും കമ്മിഷനായി അടിച്ചു മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. 40 ശതമാനം കമ്മിഷൻ സർക്കാരാണ് കർണാടക ഭരിക്കുന്നതെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയായാണ് മോദി ഇക്കാര്യം പറഞ്ഞത്. ബജ്റങ്ബലിക്ക് മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. അധികാരത്തിലെത്തിയാൽ ബജ്റങ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ഡബിൾ എൻജിൻ സർക്കാർ ഉണ്ടെങ്കിലേ വികസനം സാധ്യമാകൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. “സങ്കൽപ് സ്വരാജ് വരും. കർണാടക രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാകും. ബിജെപി സർക്കാരിന് പുതിയ പല റെക്കോർഡുകളും നേടാനായി. കോൺഗ്രസും ജെഡിഎസും ഭരിച്ചപ്പോൾ ഒന്നും ചെയ്യാനായില്ല. മൊബൈൽ ഫോൺ ഉൽപാദനത്തിൽ രാജ്യം രണ്ടാമതെത്തി. വമ്പൻ കമ്പനികൾ കർണാടകയിലെത്തി. വന്ദേ ഭാരത് ട്രെയിൻ, പുതിയ വിമാനത്താവളങ്ങൾ തുടങ്ങിയ പലതും നിർമിച്ചു. ഇതിനെല്ലാം പണം എവിടെ നിന്നാണെന്നു പലരും ചോദിച്ചു. ഇത് നിങ്ങളുടെ പണമാണ്. നിങ്ങളാണ് ഇതിന്റെ എല്ലാം ഉടമസ്ഥർ. കോൺഗ്രസ് നിങ്ങളുടെ പണം മോഷ്ടിച്ചു. മോദി സർക്കാർ പണം വികസനത്തിനായി ഉപയോഗിച്ചു.” – മോദി പറഞ്ഞു.