മുംബൈ: ‘ദ് കേരളാ സ്റ്റോറി’ സിനിമയുടെ അഭിനേതാക്കളിൽ ഒരാൾക്ക് വധഭീഷണി. “വീട്ടിൽ നിന്നും, ഒറ്റയ്‌ക്ക് പുറത്തിറങ്ങിയാൽ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തത്.” എന്നായിരുന്നു അജ്ഞാത നമ്പരിൽ നിന്നുള്ള സന്ദേശം. ഭീഷണിയെ തുടർന്ന് ‘ദ് കേരളാ സ്റ്റോറി’ സംവിധായകൻ സുദീപ്തോ സെൻ ആണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതേ തുടർന്ന് മുംബൈ പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അഭിനേതാവിൽ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാത്തത്.
വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളിൽ ‘ദ് കേരളാ സ്റ്റോറി’യുടെ പ്രദർശനം നിരോധിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ‘ദ് കേരളാ സ്റ്റോറി’ക്ക് നിരോധനം ഏർപ്പെടുത്തിയത്. യുവതികളെ മതപരിവർത്തനം നടത്തി ഐഎസിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രം കൂടുതൽ പ്രദർശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ, ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.