ബെംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2615 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 5 കോടി 30 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. സുരക്ഷയ്ക്കായി എണ്‍പത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. നിർണായക ശക്തിയാകാൻ ആഗ്രഹിക്കുന്ന ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ. 80 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി.