ലഖ്നൗ: ‘ദ് കേരള സ്റ്റോറി’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് നന്ദി അറിയിച്ച് അണിയറ പ്രവർത്തകർ. നിർമ്മാതാവ് വിപുൽ ഷാ, നായിക ആദാ ശർമ്മ, സംവിധായകൻ സുദീപ്തോ സെൻ തുടങ്ങിയവരാണ് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. സിനിമയെക്കുറിച്ച് സംസാരിക്കുകയും ‘ദ് കേരള സ്റ്റോറി’ കാണുന്നതിന് മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തുകയും ചെയ്തു.

2020 ൽ ഓർഡിനസിലൂടെ നിയമപരമല്ലാത്ത മതപരിവർത്തനം തടയുന്നതിന് യോഗി സർക്കാർ നടപടിയെടുത്തതായി ചൂണ്ടിക്കാട്ടി ലൗ ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവ തടയുന്നതിന് യോഗി സർക്കാർ സ്വീകരിക്കുന്ന നടപടികളെ അണിയറ പ്രവർത്തകർ പ്രശംസിച്ചു.

കേരളത്തിലെ സ്ത്രീകൾ ഇസ്​ലാമിക ഭീകരവാദ സംഘടനയായ ഐഎസിൽ ചേരുന്നതാണ് ദ് കേരള സ്റ്റോറിയുടെ പ്രമേയം. മേയ് അഞ്ചിന് റിലീസായ ചിത്രം വൻ വിവാദത്തിന് ഇടയാക്കിയിരുന്നു, സമൂഹത്തിൽ വിദ്വേഷം പരത്തുന്നതാണ് സിനിമയിലെ ആശയങ്ങൾ എന്നതായിരുന്നു പ്രധാന വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *