ന്യൂഡൽഹി: ‘മോദി’ പരാമർശ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഹരീഷ് ഹസ്മുഖ് ഭായ് വർമ (എച്ച്.എച്ച്.വർമ) ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിമാരാക്കി സ്ഥാനക്കയറ്റം നൽകിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. സ്ഥാനക്കയറ്റിത്തിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം ഇറക്കിയത് അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവാണ് ബെഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്ന സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ ബെഞ്ചായിരിക്കും ഇനി ഹർജി പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.
സ്ഥാനക്കയറ്റ പട്ടികയ്‌ക്കെതിരെ ഗുജറാത്തിലെ സീനിയർ സിവിൽ ജഡ്ജ് കേഡറിൽപ്പെട്ട രവികുമാർ മഹേത, സച്ചിൻ പ്രതാപ്റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ചട്ടമനുസരിച്ച് ജില്ലാ ജഡ്ജി തസ്തികയിൽ 65 ശതമാനം സീറ്റുകളിൽ ജുഡീഷ്യൽ ഓഫിസർമാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം