ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂർ നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു.
ഇതുവരെ 119 സീറ്റുകളുടെ ലീഡാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. എന്നാൽ 75 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 25 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്. ഓൾഡ് മൈസൂരിലെ 64 സീറ്റുകളിൽ കോൺഗ്രസ് 38, ബിജെപി 6, ജെഡിഎസ് 18, മറ്റുള്ളവർ 2 എന്നിങ്ങനെയാണ് ലീഡ്. തീരദേശ കർണാടകയിൽ 19 സീറ്റുകളിൽ കോൺഗ്രസ് 6, ബിജെപി 13 ഉം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
ഇതോടെ കോൺഗ്രസ് പാളയങ്ങളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.