ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഡൽഹിയുടെ വായുഗുണനിലവാരം കുത്തനെ ഇടിഞ്ഞു. കാഴ്ചാപരിധി 1000 മീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 10ന്റെ സാന്ദ്രത ഒരു ക്യൂബിക് മീറ്ററിൽ 140 മൈക്രോഗ്രാം ആയിരുന്നു. എന്നാൽ 8 മണിക്ക് ഇത് 775 മൈക്രോഗ്രാം ആയി ഉയർന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നുണ്ട്. മഴയുടെ അഭാവം മൂലം രാജ്യതലസ്ഥാനം വരണ്ടുണങ്ങിയ അവസ്ഥയാണ്. ഇതിനിടയ്ക്കാണ് പുലർച്ചെ മണിക്കൂറിൽ 30-35 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശിയടിച്ചത്. ഇതോടെ അന്തരീക്ഷം പൊടിപടലങ്ങളാൽ നിറഞ്ഞു. വരും മണിക്കൂറുകളിൽ മലിനീകരണ തോത് കുറയുമെന്ന് ഡൽഹി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.

വൈകുന്നേരം നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾക്ക് വലിയ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയോടെ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *