ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ (എഎപി) മാതൃകയാക്കിയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതെന്ന് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. എഎപിയുടെ നയങ്ങൾ പകർത്തിയാണ് കോൺഗ്രസ് കർണാടക പിടിച്ചതെന്നാണ് കേജ്‌രിവാളിന്റെ വാദം. ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ആം ആദ്മിയുടെ പ്രകടനപത്രിക മാതൃകയാക്കിയാണ് കർണാടകയിൽ സൗജന്യ വൈദ്യുതി, റേഷൻ, തൊഴിലില്ലായ്മ വേതനം എന്നിവ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ രാഷ്ട്രീയ തലത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ആം ആദ്‍മി പാർട്ടിക്കു കഴിഞ്ഞു. ഈ മാറ്റങ്ങൾ കൊണ്ടാണ് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലൂന്നി പലരും വോട്ടു തേടുന്നതും .” – അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

‘‘ജാതി, മതം എന്നിവ നോക്കി വോട്ടു തേടുന്ന സ്ഥിതി ഇന്ന് മാറിയിട്ടുണ്ട്. ബിജെപി പോലും വികസനത്തിലൂന്നിയാണ് തിരഞ്ഞെടുപ്പ് പ്രചരണരംഗത്തുള്ളത്. ആം ആദ‌്മി പാർട്ടിക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത, ജനങ്ങൾ മാറ്റത്തിന് തയ്യാറാണെന്നുള്ളതിന്റെ സൂചനയാണ്’ – കേജ്‌രിവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *