ന്യൂഡൽ‌ഹി: ജയിലിൽ‌ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ‘ടോപ് 10’ ഹിറ്റ്‌ലിസ്റ്റിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും. ദേശീയ അന്വേഷണ ഏജൻസിയോടാണ് (എൻഐഎ) ലോറൻസ് ബിഷ്ണോയിയുടെ വെളിപ്പെടുത്തൽ. ബിഷ്ണോയി സമുദായത്തെ ‘അപമാനിച്ച’താണ് സൽമാനെ ഹിറ്റ്‌ലിസ്റ്റിൽ പെടുത്താൻ കാരണമെന്നും ലോറൻസ് പറഞ്ഞു.

ബിഷ്ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ 1998ൽ സൽമാൻ ഖാൻ വേട്ടയാടിയിരുന്നു. ഇത് സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ‌ സൽമാനെ കൊല്ലണമെന്നും ലോറൻസ് പറഞ്ഞതായാണു റിപ്പോർട്ട്. നിർദേശം നടപ്പാക്കാനായി കഴിഞ്ഞ ഡിസംബറിൽ തന്റെ സഹായി സമ്പത്ത് നെഹ്റ, സൽമാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നുവെന്നും ലോറൻസ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ പിന്നീട് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയി നിലവിൽ തിഹാർ ജയിലിലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്.

1998 ഒക്ടോബർ ഒന്നിനു ജോധ്പുരിനു സമീപം നടന്ന മൃഗവേട്ടയുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിൽ സൽമാൻ ഖാന് കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *