ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരത്തിൽ നിന്ന് തൂത്തെറിയപ്പെട്ട ബിജെപി, ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. അതിന്റെ മുന്നോടിയായാണ് ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന ‘സ്വർണ ചെങ്കോൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി പാർലമെന്റിൽ സ്ഥാപിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ ചെങ്കോൽ കൈമാറ്റത്തിലൂടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ തമിഴ്‌നാട്ടിലെ ബിജെപിയുടെ വജ്രായുധമാണ് ഈ ചെങ്കോൽ.
തമിഴ്‌നാട്ടിലെ 24 അധീനം തലവൻമാരിൽ നിന്ന് മോദി ചെങ്കോൽ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇങ്ങനെ തമിഴകത്തിലെ ഒരു വിഭാഗത്തിന്റെ മനസിലേക്കു കുടിയേറാനുള്ള താക്കോലായാണ് ബിജെപി ചെങ്കോലിനെ കാണുന്നത്. ഡിഎംകെ സര്‍ക്കാരിനെ എതിര്‍ക്കുന്ന 24 അധീനങ്ങളെ ഒപ്പം നിര്‍ത്തി 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തുന്ന നീക്കങ്ങൾക്കിടെയാണ്, 24 അധീനം തലവൻമാരിൽ നിന്ന് മോദി ചെങ്കോൽ സ്വീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായത്.
തങ്ങളുടെ പരമ്പരാഗത ആചാരങ്ങള്‍ക്ക് തടസ്സം നിൽക്കുന്നുവെന്ന ആരോപണവുമായി ഡിഎംകെ സർക്കാരിനെ എതിർക്കുന്ന തമിഴ്നാട്ടിലെ ശൈവ മഠങ്ങൾക്ക് ബിജെപി പിന്തുണ നൽകുന്നത് ഇതാദ്യമല്ല. മധുരയിലെയും ധർമപുരത്തെയും അധീനങ്ങൾക്ക് സംസ്ഥാന ബിജെപി തുറന്ന പിന്തുണയാണ് നൽകിവരുന്നത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരും കാശി–തമിഴ് സംഗമങ്ങൾ പോലുള്ള പരിപാടികളിലൂടെ ഈ പിന്തുണ ഊട്ടിയുറപ്പിക്കുന്നു. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴിനെ പുകഴ്ത്തി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. തമിഴ് നമ്മുടെ ഭാഷയാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണെന്നുമായിരുന്നു മോദിയുടെ പരാമർശം.