ഇംഫാൽ: മണിപ്പുരിലെ വംശീയ കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപമുണ്ടാക്കിയാൽ സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇന്നു മുതൽ സൈന്യം തിരച്ചിൽ ആരംഭിക്കുമെന്നും അമിത് ഷാ അറിയിച്ചു. പൊലീസിൽ നിന്നു കവർന്നെടുത്ത തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി. ആറ് അക്രമസംഭവങ്ങളെപ്പറ്റി സിബിഐ അന്വേഷണവും ഉണ്ടാകും.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകുക. കലാപത്തിന്റെ കാരണം, പിന്നിൽ പ്രവർത്തിച്ചവർ ആര് എന്നീ കാര്യങ്ങൾ അന്വേഷിക്കും. സമാധാനം പുനഃസ്ഥാപിക്കാൻ ഗവർണറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. ആഭ്യന്തരവകുപ്പിൽ നിന്ന് ഒരു ജോയിന്റ് സെക്രട്ടറിയെയും വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഡയറക്ടർ റാങ്കിലുള്ള 5 ഉദ്യോഗസ്ഥരെയും മണിപ്പുരിലേക്ക് അയയ്ക്കും. മെയ്തെയ് വിഭാഗം നിയന്ത്രിക്കുന്ന ബിരേൻ സിങ് സർക്കാരിൽ വിശ്വാസമില്ലെന്ന് കുക്കി വിഭാഗം അറിയിച്ചു. ഇനെത്തുടർന്നാണ് കേന്ദ്ര ഉദ്യോഗസ്ഥരെ അയയ്ക്കുന്നത്.

4 ദിവസത്തെ മണിപ്പുർ സന്ദർശനത്തിനിടെ അമിത് ഷാ വിവിധ സംഘടനകളുമായും പൗരപ്രമുഖരുമായും ചർച്ച നടത്തി. മണിപ്പുർ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന മെയ്തെയ് വിഭാഗവും ഗോത്രവംശജരായ കുക്കികളും തമ്മിലാണ് കലാപം നടക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 80 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *