ന്യൂഡൽഹി: ഡൽഹി ഭരണനിയന്ത്രണ ബില്ലിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ വീൽ ചെയറിൽ എത്തിച്ചതിനെ അപലപിച്ച് ബിജെപി. തൊണ്ണൂറുകാരനായ മൻമോഹന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ പാർലമെന്റിലേക്ക് എത്തിച്ചത് അങ്ങേയറ്റം നാണക്കേടാണെന്ന് ബിജെപി പറഞ്ഞു. കോൺഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം മറക്കില്ല. ശാരീരികാവസ്ഥ വളരെ മോശമായിരുന്നിട്ടും രാത്രിയിൽ മൻമോഹനെ വീൽ ചെയറിൽ പാർലമെന്റിൽ എത്തിച്ചു. ആത്മാർഥതയില്ലാത്ത സഖ്യത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

അതേസമയം, രാജ്യത്തിന്റെ ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ജനാധിപത്യത്തോടുള്ള മൻമോഹൻ സിങ്ങിന്റെ അർപ്പണബോധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. ബിജെപി മുതിർന്ന പ്രവർത്തകരെ അബോധാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. എന്നാൽ മൻമോഹനെപ്പോലെയുള്ളവർ ഞങ്ങളുടെ പ്രചോദനമാണെന്നും സുപ്രിയ പറഞ്ഞു.

മൻമോഹൻ സിങ്ങിന് നന്ദിയറിയിച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ഡോ.മൻമോഹൻ സിങ് രാജ്യസഭയിൽ എത്തിയത് അഖണ്ഡതയുടെ ദീപസ്തംഭമായാണെന്ന് എഎപി എംപി. രഘവ് ഛദ്ദ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രചോദനമാണ്. അതുല്യമായ പിന്തുണയ്ക്ക് ഹൃദയപൂർവം നന്ദി പറയുന്നുവെന്നും രാഘവ് ഛദ്ദ കുറിച്ചു.

ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിലെത്തിയത്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ ബില്ലിനെതിരെ വോട്ടു ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അംഗങ്ങൾക്കു കോൺഗ്രസ് നൽകിയ വിപ്പു പാലിച്ചാണ് മൻമോഹൻ സഭയിലെത്തിയത്. അനാരോഗ്യം മൂലം ദീർഘകാലമായി മൻമോഹൻ സഭ നടപടികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *