ഹൈദരാബാദ്: തെലങ്കാന എന്ന സംസ്ഥാനം തന്നെ കോൺഗ്രസിന്റെ വാഗ്ദാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെലങ്കാന സംസ്ഥാനം കൊണ്ടുവന്നത് സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ദുർഭരണത്തിൽ കഷ്ടപ്പെടുകയാണ് തെലങ്കാന. ഒരു സദ്ഭരണം കാഴ്ചവയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

‘‘രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ഈ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ രൂപീകരിക്കപ്പെടും എന്ന തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് കാഴ്ച വയ്ക്കുന്നത്. തെലങ്കാനയില്‍ ബിജെപി വിരുദ്ധത പറയുകയും ഡൽഹിയിൽ പോയി മോദിയെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് കെസിആറിന്റെ നിലപാട്. 2024ൽ മോദിയെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസിനെയാണു വിജയിപ്പിക്കേണ്ടതെന്നു തെലങ്കാനയിലെ ജനങ്ങൾക്കു നന്നായി അറിയാം.’’–കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

തെലങ്കാനയിൽ കർണാടക മോഡൽ അല്ലെന്നും വേണുഗോപാൽ അറിയിച്ചു. തിരഞ്ഞെടുപ്പുകളെ നവീന രീതിയിൽ നോക്കിക്കാണാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പരമ്പരാഗത തിരഞ്ഞെടുപ്പു രീതികളിൽനിന്നു മാറി നവീനരീതിയിലുള്ള തിരഞ്ഞെടുപ്പു രീതികളുമായി മുന്നോട്ടു പോവുകയാണ്. തെലങ്കാന ഇന്നുവരെ കാണാത്ത ശക്തിപ്രകടനമായിരിക്കും കോൺഗ്രസ് നടത്തുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *