Lucknow 7/6/2010 Subroto Roy Sahara. Photo Arvind Jain

മുംബൈ: സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1948 ജൂൺ 10ന് ബിഹാറിൽ ജനിച്ച റോയ് 1976ൽ പ്രതിസന്ധിയിലായിരുന്ന സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നാക്കി മാറ്റി. സുബ്രത റോയിയുടെ നേതൃത്വത്തിൽ സഹാറ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനൽ ആരംഭിച്ചു. പിന്നീട്, ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തുകൊണ്ട് രാജ്യാന്തര ശ്രദ്ധ നേടി.

ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവാണ് സഹാറ എന്ന് ടൈം മാഗസിൻ പ്രശംസിച്ചിരുന്നു.

സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം തുടങ്ങിയപ്പോൾ കമ്പനിക്ക് തിരിച്ചടികൾ ഉണ്ടായി. ഇങ്ങനെ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചു. കോടതിയിൽ ഹാജരാകാതിരുന്ന സുബ്രത റോയിയെ 2014ൽ സുപ്രീം കോടതി തടവിലാക്കി. 2016ൽ പരോളിൽ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *