ഉത്തരാഖണ്ഡ്: ഉത്തരകാശിയിൽ ചാർധാം പാതയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാൻ അഞ്ചാം ദിനവും പരിശ്രമം തുടരുന്നു. കഴിഞ്ഞ 96 മണിക്കൂറായി തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുകയാണ് ഇവർ. ഭക്ഷണവും വെള്ളവും മരുന്നും മറ്റും എത്തിക്കുന്നത് തുടരുകയാണ്. രക്ഷാപ്രവർത്തകർ തൊഴിലാളികളുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം വർധിപ്പിച്ച് രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷ നിലനിർത്താനാണു പ്രധാനമായും ശ്രമിക്കുന്നത്.
തായ്‍ലൻഡ്, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ദൗത്യത്തിന്റെ ഭാഗമായി ചേർന്നു. 2018ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പടുത്തിയ സംഘവും ഇതിലുണ്ട്. യുഎസ് നിർമിത ഡ്രില്ലിങ് മെഷീൻ ‘അമേരിക്കൻ ആഗർ’ എത്തിയത് രക്ഷാപ്രവർത്തനത്തിൽ നിർണായകമാകും. മണിക്കൂറിൽ ശരാശരി 3 മീറ്റർ ദൂരം തുരക്കാൻ ഇതിന് കഴിയും. മണ്ണിടിഞ്ഞ് തകർന്ന തുരങ്കത്തിന്റെ അവിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ പാതയൊരുക്കുകയാണ് ഇതിന്റെ ദൗത്യം.
തൊഴിലാളികൾ സുരക്ഷിതരാണെന്നും ശുദ്ധവായുവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഉത്തരകാശിയിലെ ചാർ ധാം റൂട്ടിൽ ഞായറാഴ്ച രാവിലെയാണ് നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികൾ കുടുങ്ങിയത്.