ന്യൂഡൽഹി: തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചശേഷം മാത്രം ബില്ലുകൾ പരിഗണിച്ച ഗവർണർ 3 വർഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി. സർക്കാർ കോടതിയെ സമീപിക്കുംവരെ ഗവർണർ കാത്തുനിന്നത് എന്തുകൊണ്ടാണ്? പരാമർശങ്ങൾ ഏതെങ്കിലും ഒരു ഗവർണർക്കെതിരെയല്ലെന്നും ഗവർണർമാരുടെ ഓഫിസിനെക്കുറിച്ചു പൊതുവേയാണെന്നും ആർ.എൻ.രവിയുടെ നിലപാടിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഹർജി വീണ്ടും ഡിസംബർ ഒന്നിനു പരിഗണിക്കും.
കഴിഞ്ഞ 10നു ഗവർണർക്കു സുപ്രീം കോടതി നോട്ടിസയച്ചിരുന്നു. പിന്നാലെ, 2020 മുതൽ കൈവശമിരിക്കുന്ന 10 ബില്ലുകൾ ഒന്നിച്ചു പരിഗണിച്ച ഗവർണർ ഇവ തിരിച്ചയച്ചു. ഇക്കാര്യം ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയാണു മൂന്നംഗ ബെഞ്ചിനെ അറിയിച്ചത്. എന്നാൽ, ബില്ലുകൾ 2020 മുതൽ ഗവർണറുടെ പക്കലുണ്ടല്ലോയെന്നു കോടതി ചോദിച്ചു. നോട്ടിസ് അയച്ചശേഷമാണു ഗവർണർ തീരുമാനമെടുത്തതെന്നു വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗവർണർ തിരിച്ചയച്ച 10 ബില്ലുകളും മാറ്റങ്ങളില്ലാതെ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനത്തിൽ വീണ്ടും പാസാക്കിയിരുന്നു. ഇതിൽ ഗവർണറുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണു കോടതി ഹർജികൾ ഡിസംബർ ഒന്നിലേക്കു മാറ്റിയത്.