ന്യൂഡ‍ൽഹി: ഉത്തർപ്രദേശ് ഗ്യാൻവാപി പള്ളിയിൽ നടത്തിയ സർവെ റിപ്പോർട്ട് ആർക്കിയോളജി സർവെ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസ്തവ സമർപ്പിച്ചു. സീൽ ചെയ്ത റിപ്പോർട്ട് വരാണസിയിലെ ജില്ലാ കോടതി ജഡ്ജിക്കാണ് സമർപ്പിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) നൂറോളം ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്.

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്.

കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‍ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പള്ളി പരിസരത്തു സ്വയംഭൂവായ ജ്യോതിർലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗൾ അധിനിവേശത്തിൽ ഇതു തകർക്കപ്പെട്ടു വെന്നുമാണ് സർവേ ആവശ്യപ്പെട്ടവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *