ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊതുജനങ്ങളിൽനിന്നും പണം സമാഹരിക്കാനായി ആരംഭിച്ച ക്യാംപെയിനിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ 10 കോടി രൂപ ലഭിച്ചതായി കോൺഗ്രസ്. കോൺഗ്രസ് ട്രഷറർ അജയ് മാക്കനാണ് ഇതുസംബന്ധിച്ച വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. കോൺഗ്രസിന്റെ 138–ാം വാർഷികവുമായി ബന്ധപ്പെട്ട് ‘ഡൊണേറ്റ് ഫോർ ദേശ്’ എന്ന ക്യാംപെയിൻ ഡിസംബർ 18നാണു ആരംഭിച്ചത്.

‘‘പുതിയവർഷം, പുതിയ നാഴികകല്ല്– രണ്ടാഴ്ചയ്ക്കുള്ളിൽ 10 കോടി പിന്നിട്ടു. ഞങ്ങളുടെ യാത്രയിൽ ഒപ്പം ചേർന്ന ലക്ഷക്കണക്കിനു പേർക്ക് ഹൃദയം നിറഞ്ഞ നന്ദി. രണ്ടാഴ്ചയ്ക്കുള്ളിൽ 2,48,929 സാധുവായ പണമിടപാട് അപേക്ഷകൾ ലഭിച്ചു. നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ വിജയത്തിന്റെ നട്ടെല്ല്.’’–അജയ് മാക്കൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതുവരെ സംഭാവനകൾ നൽകാത്തവരോടു സംഭാവനകൾ നൽകാനും അജയ് മാക്കൻ ആവശ്യപ്പെട്ടിട്ടുണ്ട്.

‘‘ചെറുതും വലുതുമായ എല്ലാ സംഭാവനകളും കരുത്തുറ്റ ഒരു രാജ്യത്തിനുവേണ്ടിയുള്ള ചവിട്ടുപടിയാണ്. ഓർക്കുക, രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്, കോൺഗ്രസിന് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങളുടെ പിന്തുണയാണു ഞങ്ങളുടെ ഇന്ധനം, മുന്നോട്ട് കുതിക്കുന്നതിന് ഞങ്ങളെ ശക്തരാക്കുന്നത്.’’–അജയ് മാക്കൻ പറഞ്ഞു. donateinc.in എന്ന പോർട്ടൽ വഴിയോ കോൺഗ്രസിന്റെ വെബ്സൈറ്റ് ആയ inc.in വഴിയോ പൊതുജനങ്ങൾക്കു സംഭാവന നൽകാം.

Leave a Reply

Your email address will not be published. Required fields are marked *