അമരാവതി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്റെ രാഷ്ട്രീയത്തിന് അൽപായുസ്. ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന അമ്പാട്ടി റായുഡു, ഒൻപതാം ദിവസം പാർട്ടിയിൽനിന്നു രാജിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം ഇടവേളയെടുക്കുകയാണെന്നും റായുഡു എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

‘‘വൈഎസ്ആർസിപി പാർട്ടിയിൽനിന്ന് രാജിവയ്ക്കാനും രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം ഇടവേളയെടുക്കാനും തീരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഭാവി പരിപാടികൾ അതതു സമയത്ത് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. നന്ദി.’’ – എക്സ് പ്ലാറ്റ്ഫോമിലെ ലഘു കുറിപ്പിൽ അമ്പാട്ടി റായുഡു വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫിസിൽ വച്ചായിരുന്നു റായുഡുവിന്റെ പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. റായിഡു പാർട്ടിയിൽ ചേർന്ന കാര്യം വൈഎസ്ആർസിപി തന്നെയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *