ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

അഞ്ചു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന്റെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പങ്കെടുക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ‘പുത്രധര്‍മം’ പാലിക്കാതിരിക്കാന്‍ കഴിയില്ലെന്ന വിശദീകരണത്തോടെയാണ് പങ്കെടുക്കാനുള്ള തീരുമാനം വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്.

‘‘ഞാൻ നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അയോധ്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത് രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല, ശ്രീരാമന്റെ ഭക്തനായ പരേതനായ വീർഭദ്ര സിങ്ങിന്റെ മകനായാണ്. പങ്കെടുക്കുക എന്നത് അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ എന്റെ ധാർമിക കടമയാണ്. ഈ പുത്രധർമം (മകന്റെ കടമ) എനിക്കെങ്ങനെ നിരസിക്കാൻ കഴിയും.

ഞാൻ എന്റെ കാഴ്ചപ്പാട് മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചത് ഞാനെന്ന വ്യക്തിക്കല്ല. എന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. ഞാൻ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രത്തെ എതിർക്കുന്നു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള, വിശ്വസ്തനായ പ്രവർത്തകനാണ്.’’ – അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവൽക്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. അതേസമയം, വ്യക്തിപരമായി പോകുന്നതിനു തടസമില്ലെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *