ന്യൂഡൽഹി: അലിഗഡ് സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്നതും നൽകാത്തതും ആളുകളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ആരാഞ്ഞു. ന്യൂനപക്ഷ സ്ഥാപനമെന്ന പേരില്ലാതെതന്നെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണ് അലിഗഡ് സർവകലാശാല. ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും അനുമതി നൽകുന്ന ഭരണഘടനാ വകുപ്പ് അവരെ പാർശ്വവൽക്കരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്കു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനപദവിക്ക് അർഹതയുണ്ടോ എന്ന വിഷയം പരിഗണിക്കുകയായിരുന്നു കോടതി. ന്യൂനപക്ഷ പദവി സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തിൽ പ്രധാനമാണെന്നായിരുന്നു അഭിഭാഷകനായ ഷദൻ ഫർസാത്തിന്റെ വാദം. സർവകലാശാല മുസ്‌ലിം ന്യൂനപക്ഷ സ്ഥാപനമല്ലാതായാൽ അതു മുസ്‌ലിം വനിതകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. ഇതിനെ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. മുസ്‌ലിം പെൺകുട്ടികൾ എല്ലായിടത്തും പഠിക്കുന്നുണ്ടെന്നും അവരെ ഇടിച്ചുതാഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു. 23നു വാദം തുടരും.

Leave a Reply

Your email address will not be published. Required fields are marked *