സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സൗജന്യമായി യൂണിഫോമുകള്‍ ലഭ്യമാക്കും. ഇക്കുറി 4,75,242 ആണ്‍കുട്ടികള്‍ക്കും 4,57,656 പെണ്‍കുട്ടികള്‍ക്കുമാണ് യൂണിഫോം നല്‍കുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റര്‍ തുണിയാണ് കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഹാന്‍ഡ്‌വീവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ ഹാന്‍ടെക്സും ആണ് വിതരണം ചെയ്യുന്നത്.

ഒന്ന് മുതല്‍ നാലുവരെ ക്ലാസിലുള്ള കുട്ടികളുടെ അക്കാദമിക്ക് ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും. എല്ലാത്തരം മത്സരപരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അക്കാദമിക് മാറ്റങ്ങള്‍ കൊണ്ടുവരും. അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവധികാലത്ത് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. മുഴുവന്‍ സ്‌കൂളുകളിലെയും പി.ടി.എ പ്രസിഡന്റുമാരുടെ യോഗങ്ങള്‍ സംഘടിപ്പിക്കും. പി.ടി.എയുടെയും എം.പി.ടി.എയുടെയും പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കും.

ലഹരിക്കെതിരെ പോരാട്ടം ശക്തമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിനായി അവധിക്കാലത്ത് രക്ഷകര്‍ത്താക്കള്‍ക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കും. പ്ലസ് വണ്‍ പ്രവേശനം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാകും നടത്തുക.

ഏലൂര്‍ ജി.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഗോപീകൃഷ്ണന് യൂണിഫോം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കൈത്തറി വ്യവസായത്തെ നിലനിര്‍ത്തുന്നതിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന കൈത്തറി യൂണിഫോം പദ്ധതി. ഇതിനായി 469 കോടി രൂപയാണ് ചെലവഴിച്ചത്. അതില്‍ 284 കോടി രൂപയും കൈത്തറി തൊഴിലാളികള്‍ക്ക് ലഭിച്ചു. യൂണിഫോമിന് പുറമേ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകവും ഈ അധ്യായന വര്‍ഷം വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന ചരിത്രനേട്ടം സ്വന്തമാക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *