2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്.

കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തൽ നടത്തിയത്. രാജ്യത്തെ മികച്ച ശിശുസൗഹൃദ (Child friendly) പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്.

സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ (Self Sufficient Infrastructure) കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് (Water Sufficient) വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.

സൽഭരണ വിഭാഗത്തിൽ (Good Governance)തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. പുരസ്‌കാരങ്ങൾ ഏപ്രിൽ 17 ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

പുരസ്‌കാരം നേടിയ എല്ലാ ഗ്രാമപഞ്ചായത്തുകളെയും തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടമാണ് നാല് പഞ്ചായത്തുകളും സ്വന്തമാക്കിയത്. കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഈ നേട്ടം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *