ചെങ്ങന്നൂരില്‍ ഫയര്‍, ട്രാഫിക്ക് സ്റ്റേഷനുകള്‍ക്കായി നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടം ചൊവ്വാഴ്ച വൈകിട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജിനു സമീപമുള്ള നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് 2004 മുതല്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടരക്കോടി രൂപ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. പഴയ പോലീസ് സ്റ്റേഷന്‍ നിന്നിരുന്ന സ്ഥലത്ത് മൂന്നു നിലകളിലായി 11,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് നിര്‍മ്മിച്ചത്.
താഴത്തെ നിലയില്‍ രണ്ടു സ്റ്റോറുകള്‍, ലൂബ്രിക്കന്റ് റൂം, ഗ്യാരേജ്, വാച്ച്മാന്‍ റൂം, റിസപ്ഷന്‍ എന്നിവയും ഒന്നാം നിലയില്‍ ഇരു സേനാവിഭാഗങ്ങളിലെയും പ്രത്യേക ഓഫീസുകളും മൂന്നാം നിലയില്‍ വിശ്രമമുറിയും അടുക്കളയുമാണുള്ളത്. ഫയര്‍ സ്റ്റേഷനില്‍ നിന്നും എം.സി. റോഡ് ഉള്‍പ്പെടെ പ്രധാന വീഥികളില്‍ എത്തുന്നതിനുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്റ്റേഷന് സമീപമുള്ള എഞ്ചിനീയറിംഗ് കോളേജ് റോഡിന്റെ വീതിയും കൂട്ടിയിട്ടുണ്ട്.