തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ റിവ്യൂ ഹർജി നൽകിയ ആർ.എസ്.ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. റിവ്യൂ ഹർജി പരിഗണിക്കവേ മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടിട്ടുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു. ഇത് ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും സർക്കാർ ലോകായുക്തയിൽ സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും ലോകായുക്ത ആർ.എസ്.ശശികുമാറിന്റെ അഭിഭാഷകനോട് പറഞ്ഞു. റിവ്യൂ ഹർജി നാളെ വീണ്ടും പരിഗണിക്കും.
കേസ് പരിഗണനയിലിരിക്കുമ്പോൾ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും അസാധാരണമാണെന്ന് ലോകായുക്തയും ഉപലോകായുക്തയും ചൂണ്ടിക്കാട്ടി. നടക്കുന്നത് ആൾക്കൂട്ട അധിക്ഷേപമാണ്. പേപ്പട്ടി വഴിയിൽനിൽക്കുമ്പോൾ അതിന്റെ വായിൽ കമ്പിട്ട് കുത്താതെ മാറി പോകുന്നതാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. മൂന്നംഗ ബെഞ്ചിൽനിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദിഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപലോകായുക്ത ചോദിച്ചു.
ഈ കേസിൽ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വൈകിയാണ് ലഭിച്ചതെന്നും, സ്ഥിരം ഹാജരാകുന്ന അഭിഭാഷകന് മറ്റു കേസുകളുടെ തിരക്കുള്ളതിനാലാണ് ഇന്ന് ഹാജരാകാൻ സാധിക്കാത്തതെന്നും അതിനാൽ ഹർജി നാളത്തേക്ക് മാറ്റണമെന്നും പകരമെത്തിയ അഭിഭാഷകൻ ലോകായുക്തയെ അറിയിക്കുകയായിരുന്നു. എങ്കിൽ താങ്കൾക്ക് വാദിച്ചുകൂടേയെന്ന് ലോകായുക്ത ആരാഞ്ഞു. ഹർജിക്കാരൻ എത്തിയിട്ടുണ്ടോ എന്ന് അഭിഭാഷകനോട് ലോകായുക്ത ചോദിച്ചു. എത്തിയിട്ടില്ലെന്ന് അഭിഭാഷകൻ മറുപടി നൽകിയപ്പോൾ, അദ്ദേഹത്തിന് നേരിട്ടു വന്നു വാദിക്കാമായിരുന്നല്ലോ, ടിവിയിലൊക്കെ അദ്ദേഹം നന്നായി വാദിക്കുന്നുണ്ടല്ലോയെന്നും ഉപലോകായുക്ത പരിഹസിച്ചു.
കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷമുള്ള ലോകായുക്തയുടെ ഉത്തരവ്. മൂന്നംഗ ബഞ്ച് കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ആർ.എസ്.ശശികുമാർ റിവ്യൂ ഹർജി നൽകിയത്. റിവ്യൂ ഹർജിയിൽ വാദം പൂർത്തിയായി ഉത്തരവുണ്ടായതിനു ശേഷമേ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കൂ.