തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിനെതിരെ ഹർജി നൽകിയ ആർ.എസ്.ശശികുമാറിനെതിരായ ലോകായുക്തയുടെ പരാമർശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. “ഹർജിക്കാരനെ തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തതാണ്. ശശികുമാർ അർപ്പണ ബോധമുള്ള പൊതുപ്രവർത്തകനാണ്. ലോകായുക്ത വാക്കുകൾ പിന്‍വലിച്ച് മാപ്പ് പറയണം. ലോകായുക്ത വിധിയെ വിമർശിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. വിധിയെ വിമർശിക്കാം, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നാണ് സുപ്രീംകോടതി വിധി. എന്നാൽ, സുപ്രീം കോടതി വിധി പോലും രാജ്യത്ത് വിമര്‍ശന വിധേയമാക്കാറുണ്ട്.” – സതീശൻ പറഞ്ഞു.
ഒന്നര പേജ് വിധിയെഴുതാൻ എന്തിനാണ് ലോകായുക്ത ഒന്നര വർഷം കാത്തിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. “നീതി സംവിധാനത്തോടുള്ള വിശ്വാസ്യത നഷ്ടമാക്കുന്ന പ്രയോഗമാണ് ലോകായുക്തയുടേത്. ഹർജിക്കാരനെ നായയെന്നു വിളിക്കാൻ ആർക്കും അധികാരമില്ല. ജഡ്ജിമാർ ആരും ഇതുവരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ല. ഹർജിക്കാരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ ആളുകൾ എങ്ങനെ ലോകായുക്തയെ സമീപിക്കും. ലോകായുക്തയിലെ കേസുകള്‍ കുറഞ്ഞു വരികയാണ്. കേരളത്തിൽ അഴിമതി കുറഞ്ഞതു കൊണ്ടല്ല, ലോകായുക്തയിൽ പോയിട്ട് കാര്യമില്ല എന്ന് ജനങ്ങൾക്ക് തോന്നി തുടങ്ങി.” – പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.