തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ ഇന്ന് കൊച്ചുവേളിയിലെത്തും. ഈ മാസം 25ന് വന്ദേ ഭാരത് സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഉദ്ഘാടനത്തിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോടും തിരുവനന്തപുരത്തും ക്രമീകരണങ്ങള്‍ വിലയിരുത്തും. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും. മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല. പൂർണമായും ശീതീകരിച്ച ട്രെയിൻ കൂടിയാണിത്.
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിട്ടുള്ളത്. 160 കിലോമീറ്റർ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും, ഇപ്പോള്‍ 110 കിലോമീറ്റർ വരെ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേഗം കൂട്ടുന്നതിന് ട്രാക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ലിഗാര്‍ സര്‍വേ ഉടൻ നടത്തുമെന്നും റെയില്‍വെ പിഎസി ചെയര്‍മാന്‍ പ്രതികരിച്ചു.
മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് പ്രതികരിച്ചു. 16 കോച്ചുള്ള ട്രെയിൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.